എട്ട് ഏക്കറിലെ കർഷകന്റെ സ്വപ്നങ്ങൾ പ്രതിസന്ധിയിൽ
അന്നമനട: ലക്ഷങ്ങൾ കടമെടുത്ത് എട്ട് ഏക്കർ ഭൂമിയിൽ ചേനകൃഷിയിറക്കിയ കർഷകൻ ഇന്ന് ആശങ്കയുടെ നിഴലിൽ. അന്നമനട ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ തീരദേശ റോഡിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ചേനകൃഷി നടത്തുന്ന കുഴൂർ സ്വദേശി യോഹന്നാനും മകൻ സെബിയുമാണ് വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്.
29 വർഷമായി ഇവിടെ കൃഷി ചെയ്യുന്ന കർഷകനാണ് യോഹന്നാൻ. എട്ട് ഏക്കർ സ്ഥലത്തായി 15,000ത്തിലേറെ ചേനകളാണ് ഇവർ കൃഷി ചെയ്തിരിക്കുന്നത്. ബാങ്ക് വായ്പയും സ്വകാര്യ കടവുമെടുത്താണ് കൃഷിയിറക്കിയതെന്ന് കർഷകർ പറയുന്നു. എന്നാൽ കൃഷിയിടത്തോട് ചേർന്ന് പതീറ്റാണ്ടുകളായി ഒഴുകിക്കൊണ്ടിരുന്ന വൻപുഴക്കാവ് അമ്പല തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതോടെ മഴവെള്ളം കൃഷിയിടത്തിൽ കെട്ടിനിൽക്കുകയാണ്. നിലവിൽ 6,000ത്തിലേറെ ചേനത്തൈകൾ വെള്ളത്തിനടിയിലായതായി കർഷകർ പറയുന്നു. വെള്ളക്കെട്ട് തുടർന്നാൽ വലിയ തോതിലുള്ള നാശനഷ്ടമുണ്ടാകുമെന്നും ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടിവരുമെന്നുമാണ് ആശങ്ക.